Friday, December 30, 2011

ഇന്ന് പെയ്ത മഴയില്‍...

മഴനാള്‍...നനഞ്ഞൊട്ടിയ ഇലതലപ്പുകള്‍ക്കിടയിലൂടെ  ഈ കൊല്ലത്തെ അവസാന സൂര്യന്‍...നൂല്‍മുറിയാതെ പെയ്യുന്ന മഴ നോക്കി നില്‍ക്കുമ്പോള്‍ ഇന്നത്തേക്ക് മാറ്റി വച്ച മറ്റെല്ലാം മറന്ന് പോകുന്നു...നാല് മഴക്കാലങ്ങള്‍ കഴിഞ്ഞു...ഒടുവില്‍ ഇന്ന് ആദ്യമായി മഴ നനയാന്‍ നീ കൂടെ ഉണ്ട് ....പണ്ടതേത് പോലാവില്ല...എങ്കിലും മഴ  മാറുന്നില്ലല്ലോ ..എല്ലാ മഴയ്ക്കും ഒരേ നനവല്ലേ...പുക പാറുന്ന ചായ കപ്പിനപ്പുറം ഇന്ന്  നീ എനിക്ക് അറിയാത്ത വിധത്തില്‍ മാറിയിരിക്കുന്നു...ഒരുമിച്ച് കണ്ട സ്വപ്നങ്ങളിലെ ലണ്ടന്‍ നഗരം...ഒടുവില്‍ ആ സ്വപ്നം നിനക്ക് മാത്രമായി വിട്ടു തന്ന് തിരിഞ്ഞു നടകുമ്പോള്‍ ഇത്തരത്തില്‍ ഒരു കൂടി കാഴ്ച്ച പ്രതീക്ഷിച്ചിരുന്നില്ല...
ഒരിക്കല്‍ നീ....വേണ്ട...മറന്നിരിക്കുന്നു ഞാനും പലതും...മുഴുവന്‍ മറക്കാന്‍ ഈ മഴ സമ്മതിച്ചെങ്കില്‍ ...

2012

ചുമരില്‍ മടക്ക്‌ നിവരാത്ത കലെന്ടറായി  ഒരു പുതുവര്‍ഷം കൂടി...ആകെ പുതുമയുള്ളത് അതിനു മാത്രമാണ് ...ബാക്കി എല്ലാം പഴയത് പോലെ...പോകാന്‍ പെട്ടി ഒരുക്കി കഴിഞ്ഞു...ഒരു പുതിയ ആകാശം സ്വപ്നങ്ങളില്‍ ഉണ്ട് ....ചായങ്ങളെല്ലാം അഴിച്ച് വച്ച്  ഒന്ന് കൂടി തുടങ്ങണം...ദൈവം സഹായിക്കട്ടെ...
പുതുവത്സരാശംസകള്‍!!!

Wednesday, November 2, 2011

ഒരു യാത്രയിലാണ് ...അത്ര മനോഹരമല്ലാത്ത ഒരു ബന്ധം പുതുക്കാന്‍ മനോഹരമയൊരിടത്തേക്ക് മനോഹരമായ യാത്ര....തീര്‍ത്തും അപ്രതീക്ഷിതമായി വന്ന ആ മെസ്സേജ് ഒന്ന് കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..."വിവാഹമാണ് നീ വരണം"...മൂന്നു വാക്കുകളില്‍ ഏഴു വര്‍ഷങ്ങളുടെ അപരിചിതത്വം...പോകാന്‍ തീരുമാനം എടുകേണ്ടി വന്നില്ല...പോകുമെന്ന് ഉറപ്പായിരുന്നു....റോഡിനിരുവശത്തായി  ഇപ്പോള്‍ വെളുത്ത പൂഴിമണ്ണ്  കാണാം...ആഡംബര കാറുകളുടെ നീണ്ട നിര എനിക്ക് വഴികാട്ടുന്നു...ആശംസകള്‍ പറഞ്ഞപ്പോള്‍ അവള്‍ ഭര്‍ത്താവിനോടായി  പറഞ്ഞു "my best est friend , ഞാന്‍ പറഞ്ഞിട്ടില്ലേ,ആദി ?" ഉവ്വെന്ന്  തലയാട്ടുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഇല്ലെന്ന് ഉറക്കെയുറക്കെ പറഞ്ഞു...

മുന്നോട്ട് പോകാനാണ് തോന്നിയത്....കടലിനു സമാന്തരമായി കുറെ അധികം ദൂരം താണ്ടിയിരിക്കുന്നു...black and white ജീവിതത്തിന്റെ ഭംഗി കൊണ്ട് എന്നെ ഭ്രമിപ്പിച്ച രാജീവ്,നിനക്കിവിടം ഇഷ്ടപെടും...കതോര്‍ത്താല്‍  അകലത്തെവിടെയോ ഒരു ഇടിമുഴക്കം കേള്‍ക്കാം...എന്നിലെ ഭീരു ഉണരുന്നതിനു മുന്‍പ് പുറപെടട്ടെ...

Tuesday, November 1, 2011

ഇന്നത്തെ ചിന്താവിഷയം...

"മരണം ആസന്നമാണെന്ന തിരിച്ചറിവാണ് ജീവിതത്തില്‍ വലിയ വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് പ്രജോതനം നല്‍കുന്നത്"--സ്റ്റീവ് ജോബ്സ് 

വീണ്ടും ........

മങ്ങിയ പച്ചപ്പും ,മെലിഞ്ഞ മേഘങ്ങളും, താഴ്വാരത്ത് പുക പൊങ്ങുന്ന മേല്‍കൂരകളും.ഈ പുലര്‍കാഴ്ച്ചയ്ക്ക്  ഇത് നാലാം വയസ്സ്. ഒരായിരം ചായ കപ്പുകള്‍ കറ വീഴ്ത്തിയ  ഈ ചാരുപടിയും, ഫിനൈല്‍ മണക്കുന്ന വരാന്തകളും....ഇനി ഏറിയാല്‍ ഇവിടെ നാല് മാസങ്ങള്‍ കൂടി. അത് കഴിഞ്ഞാല്‍ പോകാം. ഞാനറിയുന്ന ഒരു ലോകത്തേക്ക്, കരണമില്ലെങ്കിൽ കൂടി എന്നെ ന്യായീകരിക്കുന്ന ഒരു ലോകത്തേക്ക്. ഇക്കുറിയെങ്കിലും  അവിടെ നിറങ്ങളുണ്ടാകട്ടെ....

Monday, April 13, 2009

ഒരു സായംസന്ധ്യയുടെ ഓര്‍മ്മയ്ക്കായ്..

ആദ്യം കാണുമ്പൊഴും ഇവിടം ഇങ്ങനെ തന്നെയായിരുന്നു- ഓളം വെട്ടുന്ന കായലും കടല്‍ കാക്കകളുടെ കാഹളവും.അന്നൊന്നും, പക്ഷെ നടന്ന വഴികള്‍ക്ക് അവസാനം കണ്ടിരുന്നില്ല...പല തിരക്കുകള്‍ക്കിടയില്‍ അളന്ന് തിട്ടപ്പെടുത്തിയ ഈ രണ്ട് മണികൂറുകള്‍ അതിന്റെ പരിസമാപ്ത്തിയിലെക്കടുകുമ്പൊള്‍ ഞങ്ങള്‍ പിരിയുകയാണ്. ഈ കഴിഞ്ഞ കാലമത്രയും ഇടയിലുണ്ടായിരുന്ന നാല്‌ കിലോമീറ്റര്‍ അകലത്തെ വാക്കുകളും സ്വപ്നങ്ങളും കൊണ്ട് കുത്തി നിറച്ചതു പോലാവില്ല ഇനിയുള്ള നാലായിരം കിലോമീറ്ററുകള്‍. നേര്‍ച്ചയ്ക്കെന്നപോല്‍ കൈമാറുന്ന ഭംഗി വാക്കുകളെല്ലാം അനിവാര്യമായ ഈ അന്ത്യം വ്യക്തമാക്കുന്നത് പോലെ...
വായിച്ചറിഞ്ഞത് പോലെ പുല്‍നാമ്പിലെ മഞ്ഞ് തുള്ളിയില്‍ സൌന്ദര്യം  കാണുന്ന കാലമല്ല പ്രണയം...പരസ്പരം പങ്കുവച്ച ആ അദ്രിശ്യ വിസ്മയത്തിന്റെ ഓര്‍മക്കായ് ഇനിയീ കഴിച്ച് തീര്‍ത്ത മിട്ടായി കവറുകളും...ചെരുപ്പില്‍ തടഞ്ഞ മണ്‍ത്തരികളും...പിന്നെ....പിന്നെ കുറച്ചേറെ ഓര്‍മ്മകളും.
ഉള്ളില്‍ ഉറഞ്ഞ് കൂടുന്ന നിര്‍വികാരതയിലെവിടെയോ ഉറക്കം നടിക്കുന്ന തേങ്ങലുകള്‍...

മറവിയില്‍ മുക്കിക്കൊല്ലന്‍ ആഗ്രഹിച്ച പലതും സമ്പന്നമാക്കുന്ന എന്റെ പകലുകളില്‍ ഇല്ലതെയാകുന്നത് ഇനി നീ മാത്രം...ആഗ്രഹിക്കാതെ വന്നുപെട്ടതാണിവിടെ...എങ്കിലും ഈ സായംസന്ധ്യയുടെ ഓര്‍മ്മയ്ക്കായ്...

Saturday, June 14, 2008

ഇന്ന് മടക്കംഇനി മുതല്‍ പുലര്‍ച്ചെ കണ്ണ്` തുറക്കുമ്പോള്‍ ചുമന്ന ഗുല്‍ മുഹര്‍ തലപ്പുകള്‍ക്കിടയില്‍ പൊട്ടിപ്പൊളിഞ്ഞ കൊട്ടിയമ്പലം കാണില്ല, പുളിച്ചിമാവിന്റെ ചുവട്ടില്‍ ചിതല്‍ തിന്ന് തീര്‍ത്ത മുത്തശ്ശിയുട അസ്ഥിതറയുംഎപ്പൊഴും മുത്ത് പൊഴിയുന്ന മഞ്ചാടി മരവുംകായലും പാറക്കെട്ടും, ഒന്നനങ്ങിയാല്‍ ഞരങ്ങുന്ന കട്ടിലും ഫാനിന്റെ നിര്‍ത്താതെയുള്ള മൂളലും എല്ലാം ഇനി ഒരു രാത്രി കൂടി മാത്രം...

അടര്‍ന്ന് വീണഴുകിയ അത്തിച്ചക്കകള്‍ക്കും ഒരു സുഖമുള്ള മണമാണ് ഇവിടെ...

കഥകളൊരുപാടുള്ള എന്റെ കഥ വീട്; പണ്ട് ഞാനും ഉണ്ണിയും ചേര്‍ന്ന് മച്ചിലെ തകരപ്പെട്ടില്‍ ഒളിപ്പിച്ച മുടി കഷ്ണങ്ങളുടേയും, ഇറയത്തെ കഴുക്കോലില്‍ കാരണമില്ലതെ തൂങ്ങി മരിച്ച കര്യസ്ഥന്‍ മാമന്റേയും, ഉണങ്ങാത്ത  സിമെന്റ് തറയിൽ ചെറുപ്പത്തിൽ  വലിയച്ഛൻ കോറി വരച്ച, പിന്നീട് ഒരിക്കലും മായാത്ത, കൂട്ടുകാരിയുടെ പേരും, നരിച്ചീറുകൾ തിങ്ങി പാർക്കുന്ന പേടിപ്പെടുത്തുന്ന വിളക്ക്  മുറിയും  അങ്ങനെ അങ്ങനെ ഒരുപാട് കഥകള്‍....

ഈ തുരുമ്പിച്ച താഴില്‍ ഒരുതാക്കോല്‍കൂട്ടം തിരിയുമ്പോള്‍ തീരുന്നവയല്ല ഇവയൊന്നുംഎങ്കിലും പോകാതെ വയ്യഅച്ഛനും അമ്മയും തിരിച്ച്‌ പോയി. ഇനിയങ്ങോട്ട് തനിച്ചാണ്... എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ...



Tuesday, May 20, 2008

ആത്മഹത്യ

ഒരിക്കല്‍ ഇളം പച്ച നിറമായിരുന്ന ചുമര്‍ച്ചായം ജീര്‍ണിച്ച് അടര്‍ന്നു തുടങ്ങിയിരിക്കുന്നു...ദ്രവിച്ച് തൂങ്ങിയ ജനല്‍് പാളിയിലൂടെ ഇരുട്ടിനോട് യുദ്ധം ചെയ്ത് വെളിച്ചത്തിന്റെ നേര്‍ത്ത രേഖകള്‍...പുറത്തെ ഗുല്‍ മോഹാര്‍ തലപ്പുകളെ തഴുകി ഒരു കാറ്റ് കടന്നു പോയി... ചുറ്റും വ്യാപിച്ചിരുന്ന ഇരുട്ടിനോട്‌ അപ്പൊഴേക്കും കണ്ണുകള്‍ പഴകിയിരുന്നു...കയര്‍ത്തുമ്പില്‍ തൂങ്ങിയാടുന്ന രൂപത്തിന് എന്റെ അതേ മുഖച്ഛായ...വശതേക്ക് ഒടിഞ്ഞ് വീണ കഴുത്തില്‍ ഇരുട്ടിലും തിളങ്ങുന്ന തിരുപതി ലോക്കറ്റ്...തുറിച്ച് പൊന്തിയ കണ്ണുകളില്‍ എവിടെയോ ഒരു ഉന്മാദിനിയുടെ അഹാങ്കാരം...വെള്ള കസവ് സാരിയുടെ ഒരറ്റം കുരുക്കില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നു...ഭീതിയാണൊ എന്നറിയില്ല ഞാന്‍ ഇപ്പൊള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്...അകലെയെവിടെയോ ഒരു പല്ലി നിര്‍ത്താതെ ചിലയ്ക്കുന്നു.

Thursday, May 8, 2008

പഠിച്ച ബ്രിട്ടീഷ് സ്കൂളിലെ നിറഞ്ഞ ക്ലാസ്സ് മുറികളില്‍ ഒറ്റപെട്ടപ്പോള്‍ നോട്ട് ബുക്കില്‍് അങ്ങിങ്ങായി കുറിച്ചിട്ട വരികളില്‍ സാഹിത്യം കണ്ടു തുടങ്ങിയതെന്നനെന്നോര്‍മ്മയില്ല...
സൃഷ്ടിയുടെ വേദന ...അതെന്തുമാകട്ടെ ...കാരണമറിയാത്ത ഒരു അര്ദ്ധവിരാമാതിനു മുന്നില്‍ ഇന്നെന്റെ വാക്കുകള്‍ പകച്ചു നില്‍്ക്കുന്നു

ചേര്‍ത്ത് വായിക്കാന്‍ സുഖമുള്ള രണ്ടു പേരുകള്‍ എന്നതിനപ്പുറം ഒന്നുമായിരുന്നില്ല അവന്‍,ഇന്നലെ വരെ... റെസ്റ്റോറെന്റ്റിലെ മേശയില്‍ നേരത്തെ ആരോ ബാക്കിവച്ചു പോയ തണുത്ത കാപ്പി ഗ്ലാസ്സിനിരുവശവും ഇരിക്കവേ അവന്‍ പറഞ്ഞ വാക്കുകള്‍ക്ക് ഒരു anonymity യുടെ ബലത്തില്‍് ബ്ലോഗില്‍ പണ്ടെന്നോ ഞാന്‍ കുത്തി കുറിച്ച വരികളുമായി സാമ്യം തോന്നി...ആഗ്രഹിച്ചതാണ് ഒരുപാട്‌...എന്നാലിപ്പോള്‍...വേണമെന്നോ വേണ്ടെന്നോ തോന്നുന്നില്ല

Friday, May 2, 2008

തൂലികതുമ്പിലൂടൊഴുകി പടരുന്ന വാക്കുകളില്‍ നിറം മങ്ങിയ ഇന്നലകളാണ്`
വിരാമമില്ലെന്നു തീരുമാനിച്ച യാത്രയ്ക്കൊരുങ്ങവേ പിന്‍വിളികള്‍ വെറും തൊന്നലുകളാകുന്നു...
പാടിപ്പതിഞ്ഞ പാട്ടുകളില്‍ മറവിയുടെ ജാലവിദ്യകള്‍
പുസ്തകത്താളുകളില്‍ എവിടെയോ ഒളിപ്പിച്ച മയില്‍പീലിയില്‍ കാലം കരണ്ട മുറിപാടുകള്‍
മാറാല മൂടിയ സ്മരണകളില്‍ ഈ നിലാവും നരിച്ചീറുകളും മായാതെ...
കാഴ്ച്ചകളെല്ലാം കാണരുതെന്നും കണുന്നതെല്ലാം പറയരുതെന്നും

പഠിപ്പിച്ച ജീവിതത്തില്‍ ഇന്നി ഞാനും കുറച്ച്` ഇരുണ്ട ചിന്തകളും

Thursday, May 1, 2008

പദനിസ്വനം...

ഇടക്കിടെ വീശുന്ന വയല്‍ കാറ്റില്‍ ഭിത്തിയിലെ കലെണ്ടര്‍ ആടികൊണ്ടിരുന്നു...പുറത്തു അങ്ങിങ്ങായി കേള്‍ക്കുന്ന ഇലയനക്കങ്ങള്‍...ചുറ്റും കുമിഞ്ഞു കൂടുന്ന ഇരുട്ടില്‍ പറന്നകലുന്ന ഒരു മിന്നാമിനുങ്ങും...പഞ്ഞിമെത്തയുടെ പതുപതുപ്പിലും ദേഹത്ത് ആങ്ങിങ്ങായി അസ്വസ്തതകള്‍...അടഞ്ഞ കണ്ണുകള്‍ക്കുമുന്നില്‍ ഇടതടവില്ലതെ തെളിയുന്ന ചിത്രങ്ങള്‍…തിരക്കിട്ടു കടന്നു പോയ ഒരു തീവണ്ടി...മഞ്ഞ വിളക്കുകള്‍ക്കടിയില്‍ തിങ്ങി നിറഞ്ഞ കംപാര്‍ട്ട്മെന്റുകളില്‍ നിന്നും എത്രയെത്ര ചിന്തകള്‍ വമിക്കുന്നുണ്ടാകാം?ചിന്തകള്‍ക്ക് വേഗതയേറുന്നു...കണ്ണില്‍ കണ്ടതും കാണാതെപോയതുമായ ഒരായിരം വര്‍ണ്ണങ്ങള്‍...ഓടി തളര്‍ന്നിട്ടാവണം ചിത്രങ്ങള്‍ തമ്മില്‍ ഇപ്പൊള്‍ നിമിഷങ്ങളുടെ അകലമുണ്ട് ...കുറ്റിത്താടിയും കണ്ണാടിയുമുള്ള ഈ മുഖം ആദ്യമായി കണ്‍മുന്നില്‍ തെളിഞ്ഞിട്ടിപ്പൊള്‍ മണികൂറുകള്‍ ആയികാണണം... മനസ്സില്‍ കാലങ്ങളായി കൊറിയിട്ട മുഖങ്ങളുമായി സാമ്യം തോന്നുന്നില്ല...എന്നിരുന്നാലും വ്യക്തമാകാന്‍ കൂട്ടാക്കത്ത ഒരു പരിചയം .ശ്വാസം മുട്ടിക്കുന്ന നഗരത്തിരക്കുകള്‍കിടയില്‍ എപ്പോഴോ കണ്ണില്‍ പെട്ട ഒരാള്‍ ആയിരിക്കാം….. വര്‍ഷങ്ങള്‍ക്കപ്പുറം കണ്ടുമുട്ടിയേക്കവുന്ന ഒരു പരിചയകാരനെ നക്ഷത്രങ്ങള്‍ മുന്‍കൂട്ടി കാണിച്ച് തന്നതാകാം..അറിയില്ല...അറിയണമെന്നുമില്ല...ഇനിയും കനിയാത്ത ഉറക്കത്തിനായി കാത്തിരിപ്പ് തുടരവേ പണ്ടെന്നോ കേട്ടു മറന്ന പാട്ടും കൂടെകൂടി...ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നരോ സ്വകാര്യം പറഞ്ഞതാകാം പിന്നെയും പിന്നെയും ആരോ കിനാവിന്‍റ്റെ പടികടന്നെത്തുന്ന പദനിസ്വനം പടികടന്നെത്തുന്ന പദനിസ്വനം

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...