സ്കൂള്‍ യുണിഫോമിനോട് എനിക്ക് പണ്ടേ പ്രിയം പോരാ ...വെള്ള ഷര്‍ട്ടും ,മറൂണ്‍ പാവാടയും,ഷൂസും ശ്വാസം മുട്ടിക്കാന്‍ മാത്രമായി ഒരു ടൈയും...
ഒഴിവുകാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ആദ്യം അമ്മവീട്ടിലെ ട്രങ്ക് അലമാരയില്‍ മുത്തശ്ശി അലക്കി വെളുപ്പിച്ച രാമച്ചത്തിന്റെ മണമുള്ള പെറ്റിക്കൊട്ടുകളാണ് ....
അരിയില്‍ പൂഴ്ത്തി വച്ച കോഴിമുട്ടകള്‍ വിരിയാനുള്ള കാത്തിരിപ്പും...ഉണങ്ങിയ റബ്ബര്‍ ഷീറ്റിന്റെ മണവും...തണുത്ത റെഡ് ഒക്സൈട് തറകളും ...
വൃശ്ചിക മാസത്തിലെ കാര്‍ത്തികയ്ക്ക് മുടങ്ങാതെ മുറ്റതെത്തുന്ന കറുത്ത അംബാസിഡര്‍ കാര്‍ ...
ജലജ അമ്മായിയുടെ കയ്യിലെ നിറമുള്ള കവറുകള്‍...അവയ്ക്കുള്ളിലെ പുതുമണം മാറാത്ത ഉടുപ്പുകള്‍ ...
മടിയോടെ ആണെങ്കിലും നീ എനിക്ക് നേരെ നീട്ടിയ സ്വര്‍ണ പോതികളുള്ള ചോക്ലേറ്റുകള്‍...
പെറ്റിക്കൊട്ടുകളെക്കാള്‍ വളര്‍ന്നു തുടങ്ങിയ കാലം...ചോക്ലേറ്റുകള്‍ മാറി പുത്തന്‍ പാട്ടുകളുടെ കാസെറ്റുകളും,വര്‍ണ്ണ ശബളമായ ഇംഗ്ലീഷ് മാസികകളും...
പിന്നീട് ഒഴിവുകാലം വരെ കാക്കാന്‍ കൂട്ടാകാതെ എത്തിയ ചില സമ്മാനങ്ങള്‍ ...
ഒടുവില്‍ നാടടക്കം വിളിച്ചു കൂട്ടി മുല്ലപ്പൂ മണക്കുന്ന പന്തലില്‍ വച്ച് കഴുത്തില്‍ താലിയും കയ്യില്‍ ഇളം പച്ച നിറത്തില്‍ ഒരു സാരിയും...
അന്ന് മുമ്പൈക്കുള്ള ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ എന്റെ ഒഴിവുകാലങ്ങള്‍ എനിക്ക് മംഗളം നെര്‍ന്നിട്ടുണ്ടാവണം....
സിഗറെറ്റ്കുറ്റികള്‍ ദ്വാരം വീഴ്ത്തിയ തൂവെള്ള നിറമുള്ള എന്റെ കിടക്കവിരിക്ക് രാമച്ചത്തിന്റെ മണമുണ്ടോ എന്ന് വെറുതെ മണത്ത് നോക്കി...ഇല്ല...
അലക്ക് കുട്ടയില്‍ നിന്ന് നിന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നെ പരിഹസിച്ച് ചിരിക്കുന്നു...
ഇന്ന് ഞാന്‍ അറിയുന്നു ഗിരീ.എനിക്ക് പ്രണയം നിന്നോടായിരുന്നില്ല ...എന്റെ ഒഴിവുകാലങ്ങളോടായിരുന്നു...