Saturday, April 13, 2019

ഒരുപാട് തവണ പാളിപ്പോയ വെള്ളിയാഴ്ച്ച പദ്ധതികൾക്കൊടുവിൽ ഇന്ന് കെവിനും ഗ്രീയും സ്വാതിയുമൊത്ത് 'Altes Liebe' (പഴയ പ്രണയം എന്ന് അര്‍ത്ഥം) എന്ന pub ൽ പോയി...പരിഭവങ്ങൾക്ക് ബിയർ കുപ്പി പൊട്ടുമ്പോഴത്തെ നുരയുടെ സ്വഭാവമാണ്...തുടക്കത്തിലൊന്ന് പൊട്ടിത്തെറിച്ചും കുത്തിയൊലിച്ചും പോകെ പോകെ  അനക്കി ഉപദ്രവിച്ചാൽ മാത്രം പൊങ്ങിവരുന്ന ചെറു കുമിളകളായും ഒടുവിൽ തീരെ ഇല്ലാതെയും...അച്ഛന്റെ മരണത്തിന് ശേഷം ഗ്രീയെ ആദ്യമായി കാണുകയാണ്...നേപ്പാളിൽ കർമം ചെയ്യാൻ തലമുണ്ഡനം ചെയ്യണമത്രേ...നാട്ടിൽ അങ്ങനൊരാചാരമുണ്ടോ? ഓർമ്മയില്ല...
ഇടക്കെന്നോ സ്വാതിയെ വിളിച്ചിട്ട് കിട്ടാതായപ്പോൾ അവളുടെ അമ്മ എന്നെ വിളിച്ച കാര്യം ഓർമിച്ച് പറഞ്ഞപ്പോൾ അവൾ ശാസിച്ചു, "ഇനി വിളിച്ചാൽ എടുക്കണ്ട. ആര് വിളിച്ചാലും ഞാനിനി നാട്ടിലേക്കില്ല ". 

കെവിൻ പറഞ്ഞത്  മുഴുവൻ അപ്പുപ്പനിൽ നിന്ന്  ഓഹരിയായി കിട്ടിയ ബോട്ടിന്റെ അറ്റകുറ്റ പണികളെക്കുറിച്ചാണ്...ഒത്താൽ ഈ വേനലിൽ ഞങ്ങളെ ബോട്ടിൽ ബാൾട്ടിക്‌ കടൽ വരെ കൊണ്ടുപോകാമെന്നാണ് വാഗ്‌ദാനം. പരിഭവങ്ങളൊഴുകിത്തീർന്ന ഇടവേളയിൽ pub ലെ ഗായകൻ പാടി "I feel fine today, I had dreams of you in places I've not seen before".


ആലെപ്പോ


ഒരിക്കൽ പോലും നേരിൽ കാണാത്ത സ്ഥലങ്ങൾക്ക് മനസ്സിൽ ചിത്രങ്ങളുണ്ടാകുന്നത് എങ്ങനെയാണ്? പാരീസെന്നാൽ  ഇതുവരെ കണ്ടിട്ടില്ലാത്ത ഐഫിൽ ടവറിന്റെ ചിത്രമാണ് അമാൽഫി തീരമെന്നാൽ കടലുംം, വെയിലുംം, നാരകത്തോട്ടങ്ങളും...ഇവയൊക്കെ എന്നെങ്കിലും ചെന്ന് കണ്ട് മനസ്സിലെ ചിത്രങ്ങൾ മായ്ച്ചുകളഞ്ഞ് നേരിൽ കണ്ട കാഴ്ചകളാക്കണം. മനസ്സിൽ ചിത്രങ്ങളില്ലാത്ത സ്ഥലങ്ങൾ കാണാനാണ് അതിലും ആഗ്രഹം...ഇതിലേതിലാണ് ആലെപ്പോ നഗരം പെടുക എന്നറിയില്ല...ആലെപ്പോ പലപ്പോഴും മനസ്സിൽ ഭയപ്പെടുത്തുന്ന ഒരു ശൂന്യതയാണ്. ചിലപ്പോൾ വാർത്തകളിൽ കണ്ടു പരിചയിച്ച പൊട്ടിത്തകർന്ന പൊടിപിടിച്ച യുദ്ധ ചിത്രങ്ങളിലെ ആലെപ്പോ...മറ്റുചിലപ്പോൾ പ്രിയ കൂട്ടുകാരി സൈനബ്  വാക്കുകൾ കൊണ്ട് വരച്ചുണ്ടാക്കിയ എണ്ണപ്പനകളും, ഓക് മരങ്ങളും, മഞ്ഞപ്പൂക്കളും അതിരിട്ട വീതിയേറിയ നിരത്തുകളുള്ള ആലെപ്പോ...

നാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു വേനൽ ബുധനാഴ്ച ഹാംബർഗിലെ ജർമൻക്ലാസ്സിൽ പുതുതായി ചേർന്ന, എന്റെ തൊട്ടരികിൽ വന്നിരുന്ന സിറിയൻ പെൺകുട്ടി, സൈനബ്. അന്ന് രാത്രി ഉറങ്ങും വരെ അശ്വിനോട് അവളുടെ കഥ പറഞ്ഞിരുന്നതിന്നും ഓർക്കുന്നു. ഇടയ്ക്കിടെ മുറിഞ്ഞ് വീണ ഇംഗ്ലീഷ് വരികളെ ആംഗ്യങ്ങൾ കാട്ടിയും, ചത്രങ്ങൾ വരച്ചും മുഴുമിപ്പിച്ച് അവൾ എനിക്ക് പറഞ്ഞുതന്ന അവളുടെ - സിറിയൻ യുദ്ധത്തിന്റെ കഥ. 
തീരാൻ ഒരു വർഷം ബാക്കി നിൽക്കെ മെഡിസിൻ പഠിത്തം മുടങ്ങിപ്പോയ, ജനിച്ച് വളർന്ന നഗരത്തിൽ ജീവനുറപ്പില്ലാതായപ്പോൾ ഒറ്റയ്ക്ക് ഓടി രക്ഷപെട്ട്, അഭയാർത്ഥികളെ കൊണ്ട് തിങ്ങി നിറഞ്ഞ ഒരു ബോട്ടിൽ മെടിറ്റെറേനിയൻ കടൽ കടന്ന് എങ്ങനെയൊക്കെയോ ജർമനിയിൽ എത്തിപ്പെട്ട ഒരു സിറിയൻ അഭയാർത്ഥി പെൺകുട്ടിയുടെ കഥ...

ഞാനുമായി കൂട്ട് കൂടി കൂടി വന്ന ഒരു വൈകുന്നേരം അവൾ പതിവില്ലാതെ ചോദിച്ചു,"ഞാനിന്ന് നിന്റെ കൂടെ വീട്ടിൽ വരട്ടെ"?  അന്ന് ഞാൻ വിളമ്പിയ അരിപ്പുട്ടും കടലക്കറിയും കഴിച്ച് നാവെരിഞ്ഞ് അവൾ ഒരുപാട് കരഞ്ഞു...കുടുകുടെ ചിരിച്ചുകൊണ്ട്. എരിവും ചിരിയും അടങ്ങിയിട്ടും കണ്ണുനീർ തീരാഞ്ഞതിന്റെ കാരണം തിരക്കിയപ്പോൾ പതിനൊന്ന് വയസ്സുള്ള കുഞ്ഞ് സഹോദരനെ ഐസിസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി എന്ന വിവരം ഏറെ പണിപ്പെട്ട് മുറി ജർമനിലും ഇംഗ്ലീഷിലുമൊക്കെയായി അവൾ പറഞ്ഞൊപ്പിച്ചു.അവളുടെ ഗ്രാമത്തിൽ നിന്ന് ഈയിടെ രക്ഷപ്പെട്ടു ജർമനിയിലെത്തിയ ഒരാൾ പറഞ്ഞറിഞ്ഞതാണ്. എനിക്കറിയുന്ന ഒരു ഭാഷയിലും അവളെ സമാധാനിപ്പിക്കാൻ വാക്കുകളില്ല എന്ന തിരിച്ചറിവിൽ അവളെ കെട്ടിപ്പിടിച്ച് അന്ന് ഞാനും കൂടെ കരഞ്ഞു...

ജർമൻ ക്ലാസ് വിട്ടാൽ ടർക്കിഷ് ബേക്കറിയിൽനിന്ന് ബാക്ലാവാ കഴിക്കലും, വീട്ടിൽ വന്ന് പുട്ട് ഉണ്ടാക്കലുമൊക്കെയായി ഞങ്ങൾ ആ വേനലങ്ങനെ...

ജോലി കിട്ടിയതിൽ പിന്നെ വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിൽ ഹാംബർഗിലെ പുതിയ പുതിയ ഇടങ്ങളിൽ ഞങ്ങൾ കഥകൾ പറഞ്ഞിരുന്ന് കാപ്പി കുടിച്ചു...ആലെപ്പോയിൽ നിന്ന് യുദ്ധമൊഴിയുന്നു എന്ന പത്രവാർത്തകൾ അവൾ whatsapp സന്ദേശങ്ങളാക്കി അയച്ച്‌ തന്നുകൊണ്ടിരുന്നു...

വീണ്ടുമൊരുന്നാൾ പുട്ടും കടലക്കറിയും കഴിച്ച്  ആദ്യം ചിരിച്ചും പിന്നെ നിർത്തത്തെ കരഞ്ഞും അവൾ പറഞ്ഞു, "തിരിച്ചു പോകാൻ ടിക്കറ്റ് ശെരിയായി". അന്നും ഞങ്ങൾ കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരഞ്ഞു...

വർണ്ണ കടലാസ്സിൽ പോതിഞ്ഞ എന്റെ പുട്ടുകുറ്റിയും അവളും ആലെപ്പോയിൽ എത്തിയെന്ന് ഏതോ ഒരു നമ്പറിൽ നിന്ന് എനിക്ക് message വന്ന അന്ന് ഹാംബുർഗിൽ ആ വർഷത്തെ ആദ്യ മഞ്ഞ്മഴ പെയ്തു. മഞ്ഞ് മൂടിയ നഗരത്തിലൂടെ നടന്ന് നടന്ന് ആദ്യം കണ്ട ബേക്കറിയിൽ കയറി ചൂട് ബാക്ലാവാ വാങ്ങി കഴിച്ച് വെറുതേ ചിരിച്ചതോർമ്മയുണ്ട്. പിനീടിങ്ങോട്ട് അവളെക്കുറിച്ച് ഒന്നുമറിഞ്ഞിട്ടില്ല. അലെപ്പോയിൽ യുദ്ധം വന്നും പോയുമിരിക്കുന്നു എന്ന് ഇടയ്ക്ക് പത്രങ്ങളിൽ വായിക്കും...

ചിലപ്പോൾ ഞാൻ സ്വപ്നം കാണാറുണ്ട്- എണ്ണപ്പനകളും, ഓക് മരങ്ങളും, മഞ്ഞപ്പൂക്കളും അതിരിട്ട ആലെപ്പോ നിരത്തിലെ ഒരു അടുക്കളയിലിരുന്ന് പുക പാറിക്കുന്ന ഒരു പുട്ട്‌ കുറ്റി...

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...