വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറക്കുമോ നീയെന്റെ മൗനഗാനം ...ഒരുനാളും നിലക്കാത്ത വേണുഗാനം", കുട്ടനങ്ങനെയാണ്... സന്തോഷം വന്നാലും സങ്കടം വന്നാലും പഴയ പാട്ടുകൾ വരികൾ ഓർത്തെടുത്ത് പാടും.
ഇക്കുറിയും നേർച്ചയിടാൻ തന്നെ വന്നതാണ്. പക്ഷെ എന്തെഴുതാൻ? 2020 എങ്ങോട്ട് പോയെന്നറിയാൻ വെറുതേ ഡയറി മറിച്ച് നോക്കി. ഒരു ഉണങ്ങിയ ഒലിയാണ്ടെർ(അരളി) പൂ കിട്ടി, കഴിഞ്ഞ ഫെബ്രുവരിയിലെ താളുകൾക്കിടയിൽ നിന്ന്, ബാക്കി ഡയറി ശൂന്യം. ഫോൺ ഗാലറിയിലും പരതി...ടാക്സി രസീതുകളും, സ്ക്രീൻഷോട്ടുകളും മാത്രം...
ഒരു വർഷം കാണാതായത് പോലെ. പോലെയല്ല അങ്ങിനെ തന്നെ.
പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും- എനിക്കിപ്പോ മുഖങ്ങൾ മറന്ന് പോകുന്ന രോഗം പിടിപെട്ടിരിക്കുന്നു. എന്നും കാണുന്ന അശ്വിനും , ഫേസ് ടൈമിൽ കാണുന്ന രണ്ടിടത്തെയും അച്ഛനും അമ്മയും ഒഴിച്ച് മറ്റാരുടെയും മുഖങ്ങൾ ശെരിക്കോർമ്മയില്ല.
വക്കീൽ അങ്കിളിനെ കാണാൻ എങ്ങനിരിക്കും? താടിയുണ്ടായിരുന്നോ? നരച്ചിട്ടായിരുന്നോ? വൽസാന്റിയുടെ ചെവി തോടായിട്ട് , തോടായിട്ട് തൂങ്ങിപ്പോയിരുന്നില്ലേ? അതോ അത് ഹസീനുമ്മയുടെ ആണോ? ചന്ദ്രികയ്ക്കാണോ തങ്കമണിക്കാണോ കണ്ണിന് താഴെ കാക്കപുള്ളിയുള്ളത്? കുടക്കാരൻ ഡിക്കൻസിനു കണ്ണാടിയുണ്ടായിരുന്നോ? മുക്കവലയിലെ ബാർബർ ഷാപ്പിന് മുന്നിൽ മോഹൻലാലായിരുന്നോ ? അതോ സുരേഷ് ഗോപിയോ?ഒക്കെ ഒരു പുക പോലെ. ഓർമ്മകുറവെന്ന് പറയാമോ ഇതിനെ ?? ഓർമ്മയില്ലായ്‌മമ്മ അല്ലെ ശെരി?
മുഖങ്ങൾ മാത്രമല്ല, നെടുമ്പള്ളി കുളത്തിലെ പായൽ പോലെ ഒരറ്റത്തുനിന്നു നാടോർമ്മകളിലേക്ക് മറവി പടരുന്നത് ഞാൻ അറിയുന്നുണ്ട്...
അച്ഛമ്മ ഭരണി നാളായിരുന്നോ? അപ്പൊ ശാരദ, മകയിരം എന്ന് പറഞ്ഞ് പുഷ്പ്പാഞ്ജലിക്ക് ശീട്ട് എടുത്തിരുന്നത് ആർക്ക് വേണ്ടിയായിരുന്നു? ഇനി സിനിമയിലെങ്ങാനും കണ്ടതാണോ? നാട്ടിലെ പിൻ നമ്പർ 6..0...ഏയ് 695 അല്ലെ? റോഡിൽ നിന്ന് വീട്ടിലേക്ക് 9 പടികളായിരുന്നില്ലേ?കിണറ്റിങ്കരയിലെ ഇലവങ്ങം ഇപ്പോഴുമുണ്ടോ? മതില് പണിഞ്ഞപ്പോൾ മുറിച്ചുകളഞ്ഞത് ഏത് മരമായിരുന്നു? അവിയലിന് വെളുത്തുള്ളി അരക്കാറുണ്ടായിരുന്നോ? പുട്ടിന് അരി വറുത്താണോ പൊടിക്കേണ്ടെ അതോ പൊടിച്ച് വറുക്കണോ? ഒക്കെ മറന്നതാണ്.
പണ്ട്, പഞ്ചസാര കട്ട് തിന്നാൽ പഠിച്ചതൊക്കെ മറന്ന് പോവുമെന്ന് അച്ഛമ്മ പറയുമായിരുന്നു!
എന്നും ഒരു കിണ്ണം പഞ്ചസാര കട്ട് തിന്നിട്ട് എട്ടിന്റെ എഞ്ചുവടി കാണാതെ പറഞ്ഞ് ഒന്നും മറന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്ന കുട്ടിയെ ഇന്ന് മറവിയുടെ അറ്റത്ത് നിന്ന് പിടിച്ച് കൊണ്ടുവന്നിട്ടുണ്ട്. നിറയെ മണികളുള്ള വെള്ളിക്കൊലുസ്സിലും, കരപ്പനടിച്ച പഴയ പെറ്റിക്കോട്ടിലും ഒരൽപം മറവിയുടെ പച്ചപായൽ...സാരമില്ല. കുട്ടി ഇവിടിരിക്കൂ, ഇനി പായൽ പറ്റണ്ട! അക്ഷരം മറക്കാത്ത കാലം എനിക്ക് ഇടയ്ക്ക് വന്ന് കാണാല്ലോ...ഇവിടിരിക്കൂ....