Tuesday, April 14, 2020

വലിയ കുങ്കുമപൊട്ട് തൊടുന്ന സ്ത്രീകൾക്ക് ഒരു പ്രത്യേക ഭംഗിയാണെന്ന പക്ഷമാണ് ഞാൻ. പണ്ട് മൈസൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞാനും ഇടക്ക്‌ വലിയ പൊട്ട് തൊട്ട് ഓഫീസിൽ പോയിരുന്നു. മെസ്സിൽ എന്നെ സ്ഥിരം നോക്കിയിരുന്ന പയ്യൻ ഒരിക്കൽ പൊട്ട് കൊള്ളില്ലെന്ന് പറഞ്ഞതോടു കൂടി ആത്മവിശ്വാസം പോയിക്കിട്ടി. ഇന്നിപ്പോ ഇവിടെ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ വന്ന  നടി സുഹാസിനി വലിയ പൊട്ട് തൊട്ടു കണ്ടപ്പോൾ വീണ്ടും ഒരാശ...

ലത മാമി തുടങ്ങിവച്ചതാണ്  വലിയ പൊട്ടിനോടുള്ള കൗതുകം. മുടി നെടുകെ വകഞ്ഞ് നെറുകയിൽ ധാരാളം സിന്ദൂരവും, ഒരു വലിയ ചുമന്ന  വട്ടപ്പൊട്ടുമില്ലാതെ ലത മാമിയെ ഞാൻ കണ്ടിട്ടേ ഇല്ല. അമ്പലത്തിൽ പോയി വരുന്ന സന്ധ്യകളിൽ അച്ഛന്റെയൊപ്പം ബാബു മാമനെ കാണാൻ  പോകുക പതിവായിരുന്നു, ചെറുപ്പത്തിൽ. വരാന്ത കഴിഞ്ഞുള്ള ചെറിയ മുറിയിൽ ദേഹമാസകലം എണ്ണതേച്ച് ചാരികിടക്കാറുള്ള ബാബുമാമനെ കുറി  തൊടീക്കേണ്ടടത് എൻ്റെ ജോലിയാണ്...അച്ഛനും ബാബുമാമനും എപ്പോഴും "കൊച്ചുങ്ങൾ കേൾക്കാൻ പാടില്ലാ" ത്തതെന്തെങ്കിലും പറയാൻ  ഉണ്ടാവും. ആ  തക്കത്തിന്  ലതമാമിയുടെ നേന്ദ്രൻകായ ഉപ്പേരി വാങ്ങിത്തിന്നു ഞാൻ വീട്ടിലേക്കോടും.

വിശേഷദിവസങ്ങളിൽ തൂക്കുപാത്രങ്ങളിൽ പായസവും കറികളും കൊണ്ട് അങ്ങോട്ടേക്കുള്ള  ഓട്ടവും, പഴയ സ്‌കൂൾ പാവാടയുടെ പോക്കറ്റിൽ പറ്റിയിരിക്കാറുള്ള നേന്ദ്രൻകായ ഉപ്പേരിയുടെ പൊടിയും, അമമ്മയോട് വർത്തമാനം പറയാൻ മതിലിനു മുകളിലേക്ക് പൊങ്ങിവരുന്ന സിന്ദൂരം പടർന്ന വലിയ പൊട്ടുതൊട്ട നെറ്റിയും പഴയ നാടോർമ്മകളാണ്...

ബാബുമാമന്റെ  പാർട്ടി പ്രവർത്തനകാലത്ത് ആറന്മുളയിൽ നിന്നോ മറ്റോ കൂട്ടിക്കൊണ്ടുവന്നതാണ് മാമിയെ. അവരുടെ പ്രത്യേകതാളത്തിലുള്ള വർത്തമാനവും, ഇപ്പൊ അഴിഞ്ഞുവീണേക്കും എന്ന പോലെ വാരികെട്ടിയ മുടിയും, ചില്ല് പൊട്ടിച്ചിതറുന്നപോലുള്ള ചിരിയും ഞങ്ങൾ കുട്ടികളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിരുന്നത്. മുഷിഞ്ഞ മുണ്ടും,ബ്ലൗസും, കൂടിവന്നാൽ നൈറ്റിയും മാത്രം ധരിച്ചിരുന്ന ഞങ്ങളുടെ അമ്മമാരെ കണ്ടുശീലിച്ച ഞങ്ങൾ, ലാതമാമി സിനിമനടികളേക്കാൾ സുന്ദരിയാണെന്ന് സംശയലേശം വിശ്വസിച്ചിരുന്നു .

ഏട്ടൻ്റെ പത്താം ക്ലാസ് റിസൾട്ട് വന്ന ദിവസമാണ് ബാബുമാമനെ ആരൊക്കെയോ ചേർന്ന് വെട്ടിയത്‌. ആ ബഹളത്തിൽ തൻ്റെ സ്‌കൂൾ ഫസ്റ്റ് മുങ്ങിപ്പോയെന്ന് പരിഭവം പറഞ്ഞെങ്കിലും ആശുപത്രിയിൽ നിന്നും അരക്കു കീഴ്പ്പോട്ട് തളർന്ന് തിരിച്ചെത്തിയ ബബുമാമൻ, ഒരു കാൽക്കുലേറ്റർ  ഏട്ടന് സമ്മാനാമായി കൊടുത്തതോടെ ആളുടെ പരിഭവം മാറി.

ആ ദിവസങ്ങളിൽ ലത മാമി പൊട്ടു തൊട്ടിരുന്നോ എന്ന് ഓർമയില്ല...തൊട്ടിരുന്നിരിക്കണം...ചിലപ്പോൾ തോന്നും ആ  പൊട്ടും സിന്ദൂരവും മാത്രമായിരുന്നു അവരെന്ന്...

പ്ലസ് ടു കാലത്തു ഒരിക്കൽ പതിവില്ലാതെ ലതമാമിയെ ചുരിദാറിട്ടു കണ്ടതോർമ്മയുണ്ട്. പതിവ് പോലെ നേന്ദ്രൻകായ തേടിപ്പോയ എനിക്ക് അന്ന് അലമാരയിൽ നിന്നൊരു ഫോറിൻ മിട്ടായി എടുത്ത് തന്നു അവർ.

സ്മിതേച്ചിയുടെ കല്യാണം കൂടാൻ വന്ന മിഥുനേട്ടൻ, പിറ്റേന്ന് അതെ മിട്ടായി മറ്റൊരെണ്ണം തന്നപ്പോൾ സംശയം തോന്നാനും മാത്രമുള്ള  കളങ്കം സംഭരിച്ചിരുന്നില്ല,  അന്ന് ഞാൻ.


ബാബുമാമൻ മരിച്ച ദിവസമാണ് ലത മാമിയെ അവസാനം കണ്ടത്. ദൃതി പിടിച്ച് മായ്ച്ച്‌  കളഞ്ഞ പൊട്ടും സിന്ദൂരവും അവരുടെ നെറ്റിയിൽ മുഴുവൻ പോകാതെ ബാക്കി നിന്നിരുന്നു... മിഥുനേട്ടന്റെ അമ്മ മാത്രം നിലവിളിച്ചു...അന്നും, പിറ്റേന്നും, പിന്നെ കുറേ ദിവസങ്ങളോളം.

അടക്കം പറച്ചിലുകളും, മതിലൊര ചർച്ചകളും നേർത്ത് നേർത്ത് ഒടുവിൽ നാട്ടിലെ കേട്ടാൽ നെറ്റിചുളിയേണ്ടുന്ന കഥാസമാഹാരത്തിലെ  ഒടുവിലത്തെ കഥയായി ലതാമാമി. ഫോറിൻ മിഠായികളും, നേന്ദ്രൻകായ ഉപ്പേരിയും, വലിയ വട്ടപ്പൊട്ടുകളും ഓർമ്മപ്പെടുത്തുമ്പോൾ അമ്മയുടെ വിചാരണ ഭയന്ന് മിണ്ടാതിരുന്ന് മിണ്ടാതിരുന്ന് ഒടുവിൽ ഞാനും അവരെ മറന്നു.

പതിനാറ് വർഷങ്ങൾക്കിപ്പുറം ഫേസ്ബുക്കിൽ ഇന്ന് മിഥുനെട്ടനെ കണ്ടെത്തി, സിംഗപ്പൂരാണ് ഇപ്പോൾ. ചോദിക്കാൻ  ധൈര്യം പോരാഞ്ഞിട്ട് ഏട്ടനിട്ട  എല്ലാ ഫോട്ടോയിലും ആ വട്ടപ്പൊട്ടിനായി പരതുകയാണ് ഞാൻ..

No comments:

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...