Friday, March 30, 2018

ശുഭയാത്ര

ജർമനിയുടെ വടക്കേ അതൃത്തിയിൽ ഫ്രാൻസിനോട് ചേർന്നാണ് റൈൻ നദി ഒഴുകുന്നത്. വിശുദ്ധ റോമൻ സാമ്ര്യാജ്യത്തിന് കീഴിൽ പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന അനേകം നാടുവാഴികൾ പണിത കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ നദിയുടെ തീരങ്ങളിൽ കാണാം. ശത്രു സൈന്യങ്ങൾ തകർത്തവയും, വയസ്സായി മരിച്ചവയും, കാട് വിഴുങ്ങിയവയും അങ്ങനെ ധാരാളം...
അവയിലൊന്നിലാണ് ഇന്നെന്റെ  സായാഹ്നം...

തണുത്ത മിനുസ്സമേറിയ കല്ലുകൾ പാകിയ തറകളിൽ, ഒൻപതു മൈൽ കാട്ടിലൂടെ നടന്നു കയറിയ എന്റെ കാലുകൾ വേദന മറക്കുന്നു...
തകർന്ന കട്ടിളകളിലൂടെ ദൂരെ ഹരിതനീല നിറത്തിൽ റൈൻ നദി ഒഴുകുന്നത് കാണാം...

ഒരിക്കൽ ഇറ്റാലിയൻ ഷാൻഡ്ലിയറുകൾ തൂങ്ങിയിരുന്ന മേൽക്കൂര ഇന്നില്ല...പേർഷ്യൻ ചിത്രകംബളങ്ങൾ അലങ്കരിച്ച ചുമരുകളും...
പൈൻ മരങ്ങൾ വളർന്നു കയറിയ ഇടനാഴികളിലൂടെ കാറ്റ് പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ പുലമ്പി കടന്നു പോകുന്നു...
പാതി തകർന്ന ഒരു തൂണിൽ വന്നു പോയ സഞ്ചാരികൾ തങ്ങളുടെ പേരുകൾ കോറിയിട്ടിരിക്കുന്നു - വികലമായ ഒരു ഹൃദയചിന്ഹത്തിനുള്ളിൽ മാറ്റും കാത്തിയും അനന്തമായി പ്രണയിക്കുന്നു...എഴുതാൻ പേരുകൾ കൈവശമില്ലാത്തവർ പൊള്ളയായ ഉദ്ധരണികളാൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുന്നു...

നാട്ടിലെ കോളേജ് അങ്കണത്തിലെ ഒരു ഗുൽമോഹർ മരത്തിൽ കോമ്പസ് മുന കൊണ്ട് വരഞ്ഞ ഹൃദയത്തിലിരുന്നു രണ്ടു പേരുകൾ ഇന്നും പ്രണയിക്കുന്നുണ്ടാവണം...ഇനി ഒന്നിനെയും ശാശ്വതമായി മുറിവേൽപ്പിക്കാതിരിക്കാൻ ആ ഓർമ്മ ധാരാളം...

കോട്ട മുനമ്പുകളിൽ നിന്നും കാടെടുത്ത കിടങ്ങുകളിലേക്ക് പകൽ മെല്ലെ കൂപ്പുകുത്തുകയായി....
ഇരുട്ടും നിഴലുകളും അങ്ങിങ്ങായി അസ്വസ്ഥരാവുന്നു...ഇനി മടക്കം.

ഇവിടെ ബാക്കി വയ്ക്കാൻ എന്റെ പക്കൽ ഒരു പാട്ട് മാത്രം...ഇതിലെ പോകുന്ന കാറ്റ് വശം റൈൻ താഴ്‌വരയിലെ മുഴുവൻ തകർന്ന കൊട്ടാരങ്ങളിലേക്കും പങ്ക് കൊടുത്തയക്കാം.
വിയോളയും, ബ്യൂഗിളും കേട്ട് തഴമ്പിച്ച ചുമരുകൾക്ക് കുരുമുളകിന്റെ നാട്ടിൽ നിന്നൊരല്പം കിഴക്കൻ സംഗീതം. എനിക്കെന്നെകിലും തേടി വരാൻ ഓർമ്മയുടെ ഒരു കഷ്ണം...

സാലഭന്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും.
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും
ചൈത്രപദ്മദലമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും...
താനേ പാടും...
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തു വയ്ക്കുനീ
നഗ്നപാദയായകത്തു വരൂ....

കോബ്ലെൻസിനു മുകളിൽ സൂര്യാസ്തമയം...ദൂരെ റൈൻ നദി ചുവക്കുന്നു....

No comments:

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...