എനിക്ക് മടുത്തു!!! നാല് ദിവസമായി പെയ്യുന്ന മഴ...രാത്രി തോരാറുണ്ടെന്ന് മുത്തശ്ശി പറയുന്നു. എന്തോ എനിക്കത്ര വിശ്വാസം പോര - ചിലപ്പോൾ ശരിയായിരിക്കും,മുത്തശ്ശിയ്ക്ക് രാത്രി ഉറക്കം കുറവാണ്.
അശ്വിന്‍റെ (എന്‍റെ ഭർത്താവ് ) വീട്ടിൽ നിന്ന് വന്ന അന്ന് അലക്കിയിട്ട തുണികളിൽ, ദാ, ഇപ്പോഴും നനവ് ബാക്കിയുണ്ട്. മറ്റെന്നാൾ തിരിച്ച് പോകുന്നതിനു മുമ്പെങ്കിലും ഉണങ്ങി കിട്ടിയാൽ മതിയായിരുന്നു!!
മഴ കാരണം ഇവിടെ അടിക്കടി കറന്റ് പോകുന്നുണ്ട്. ഉച്ചവരെ വായിയ്ക്കാൻ വെളിച്ചം കിട്ടും. പിന്നങ്ങോട്ട് ഇരുട്ടും ഉഗ്രൻ ഇടിയും മിന്നലുമാണ്;
വെളിച്ചമില്ലെങ്കിൽ വേണ്ട...അമ്മയോടും മുത്തശ്ശിയോടും കുറച്ച് വർത്തമാനം പറഞ്ഞിരിക്കാമെന്നുവച്ചാൽ വല്ലതും കേൾക്കണ്ടേ?? അത്രയ്ക്കുണ്ട് മഴയുടെ ബഹളം!
"ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ" ഞാൻ ഇംഗ്ലീഷിൽ വായിച്ചിട്ടുണ്ട്. പണ്ട് ആറിലോ ഏഴിലോ പഠിക്കുമ്പോൾ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ചെറുകഥ രൂപത്തിൽ പഠിയ്ക്കാനുണ്ടായിരുന്നു. ഇന്നലെ പതിവ് അരിച്ച് പെറുക്കലിനിടയിൽ മുത്തശ്ശിയുടെ അലമാരയിൽ നിന്നും ഈ നോവലിന്‍റെ മലയാള പരിഭാഷ ഞാൻ കണ്ടെടുത്തു...
"കണ്ടെടുത്തു " എന്നത് മേൽപ്പറഞ്ഞ വാചകത്തിലെ ഏറ്റവുo അഹങ്കാരിയായ വാക്കാണെന്നു ഞാൻ പറയും; കാരണം മുത്തശ്ശിയുടെ അലമാര എന്നത് ഭിത്തിയിലുറപ്പിച്ച ഒരു മീറ്റർ നീളവും അര മീറ്റർ വീതിയുമുള്ള ഒരു പെട്ടിയാണ്. അതിനുള്ളിൽ ഒരു സാധനം കാണാതെ പോകുക പ്രയാസം. പിന്നെങ്ങനെ ഈ പുസ്തകം കണ്ടെടുത്തു എന്നെനിക്ക് അവകാശപ്പെടനാകും? പറയാം...
ഞാൻ പിടിച്ചു നടക്കാൻ തുടങ്ങിയ കാലം തൊട്ടേ ഈ ചുമരലമാര എന്‍റെ കർമ്മ ഭൂമിയായിരുന്നു എന്ന് വേണം അനുമാനിക്കാൻ. കേട്ടറിഞ്ഞടത്തോളം ഒരു ചരിത്രാന്വേഷകന്‍റെ അല്ലെങ്കിൽ ഒരു പുരാവസ്തു ഗവേഷകന്‍റെ ജിജ്ഞാസയോടെ ഞാൻ ആ അലമാരയിൽ നിന്നും ഓരോന്നും കണ്ടെത്തിക്കൊണ്ടേയിരുന്നു
ഓട്ടക്കാലണ, ആരുടെയൊക്കെയോ ജാതകം കുറിച്ച താളിയോലകൾ, മഞ്ചാടിക്കുരു പതിപ്പിച്ച ഒരു കടുക്കൻ, മുത്തശ്ശിയുടെ ഇളയ സഹോദരൻ ബാരിസ്റ്റർ ബിരുദവും കഴിഞ്ഞ് ലണ്ടനിൽ നിന്നും മടങ്ങിവന്നപ്പോൾ കൊണ്ട് കൊടുത്ത റ്റ്വൈനിങ്ങ്സ് തേയിലയുടെ തകരപ്പെട്ടി, കൂട്ടത്തിൽ ഏറ്റവും വില പിടിച്ചതെന്ന് ഞാൻ കരുതുന്ന ഒരു ആനദന്തം (ബഹുമാനം കുറച്ച് ആനപ്പല്ലെന്നും പറയാം ) എന്നിവ കൂടാതെ കാലാന്തരത്തിൽ എന്‍റെ കൈയ്യിൽ നിന്നും, ഓർമ്മയിൽ നിന്നുമായി കൈമോശം വന്ന മറ്റനേകം വസ്തുകൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ ഈ അലമാരയിൽ നിന്നും കണ്ടെടുത്തുകൊണ്ടിരുന്നു (ഇനി ഒരൽപ്പം അഹങ്കാരം ആവാം എന്താ?).
ഇനി "ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ" അഥവാ എന്‍റെ ഏറ്റവും പുതിയ കണ്ടെത്തലിലെക്ക് തിരിച്ചു വരാം. 1970ൽ പുറത്തിറങ്ങിയ പുസ്തകമാണ് അതുകൊണ്ട് തന്നെ മുത്തശ്ശിയുടേതാവാൻ സാധ്യതയില്ല.
ശേ !!ഒരു നിമിഷത്തേക്ക് പുതിയ കണ്ടെത്തലിലൂടെ ആർജിച്ചെടുത്ത സകല ഊർജ്ജവും നഷ്ടപെട്ടത് പോലെ...
പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നു. ചുറ്റും മഴയുടെ മൂളൽ മാത്രം. ഇപ്പോഴുള്ള വെളിച്ചമേയുള്ളു. ഉച്ചതിരിഞ്ഞ് ഇടിയും മിന്നലും തുടങ്ങും പിന്നെ വായിക്കാനാവാത്ത വിധം ഇരുട്ടാവും. ഏതായാലും കഷ്ടപ്പെട്ട് കണ്ടുപിടിച്ചതല്ലേ വായിക്കാതെ വിടുന്നത് ശരിയല്ല. പോരെങ്കിൽ ഒരു വിശ്വപ്രസിദ്ധ കൃതിയുടെ മലയാളം ആഖ്യാനം.
തൂവാനം വീഴാത്ത ഒരു ജനലിന് താഴെ, ചുമരിൽ ചാരിയിരുന്നു ഞാൻ പുസ്തകം നിവർത്തി.
പുറംചട്ടയിൽ നിന്നും വേർപ്പെട്ട അവസ്ഥയിലാണ് പുസ്തകം. എന്‍റെ അനധികൃത കയ്യേറ്റത്താൽ വീടും കുടിയും നഷ്ടപെട്ട അനേകം കുടിയേറ്റ ഇരട്ടവാലന്മാർ എന്റെ കൈത്തണ്ടിലേക്കിറങ്ങി വന്ന് പ്രതിഷേധിച്ചു. ഞാനവയെ കുടഞ്ഞ് ദൂരേക്കെറിഞ്ഞു!!ഹും...കുറേകാലമായില്ലേ പുസ്തകങ്ങൾ കരണ്ട് തിന്ന് ജീവിക്കുന്നു. അവരും അറിയട്ടെ സാധാരണക്കാരന്‍റെ ദുരിതങ്ങൾ.
പത്തിരുപത് പേജ് വായിച്ചു കഴിയുമ്പോഴേക്കും അമ്മയുടെ വിളിവന്നു, " ചോറെടുത്ത് വച്ചിട്ടുണ്ട്. ഇടിയും മിന്നലും വരുന്നതിനു മുമ്പ് കഴിച്ചോണം".
അങ്ങനെ ഇരുപതാം പേജിൽ ഒരു മുയൽ ചെവി വച്ചുപ്പിടിപ്പിച്ച് ഞാൻ എന്‍റെ പാട്ടിന്പോയി.
പതിവ് പോലെ ഉച്ചതിരിഞ്ഞ് മിന്നൽ, ഇടി ,കറന്റ് കട്ട്, മെഴുകുതിരി വെട്ടത്തിൽ അത്താഴം, ഉറക്കം എന്നിവ യഥാക്രമത്തിൽ നടന്നു .
ഇന്ന് രാവിലെ പ്രാതൽ കഴിഞ്ഞതും ഞാൻ നമ്മുടെ പുസ്തകവുമായി പഴയ ജനാലയുടെ ചോട്ടിൽ ഇരിപ്പുറപ്പിച്ചു. ഇന്നും കൂടിയേ ഉള്ളു വായിച്ചു തീർക്കാൻ. നാളെ ഞാൻ പോകുകയാണ്. ഈ വയസ്സൻ പുസ്തകത്തിന് ഹൈദ്രാബാദ് വരെ യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല. മാത്രവുമല്ല ജർമനിയിൽ പോകുന്നതിനു മുന്നോടിയായി സാധനങ്ങളൊക്കെ നാട്ടിലെത്തിക്കാനുള്ള പോക്കാണ്.
അങ്ങനെ ഞാൻ ആ മുയൽ ചെവി കണ്ടുപിടിക്കാൻ പുസ്തകം മൊത്തത്തിൽ ഒന്ന് മറികുമ്പോഴതാ ഇടയിൽ നിന്നൂർന്ന് വരുന്നു ഒരു മഞ്ഞ കടലാസ്സ്. പുസ്തകത്തിന്‍റെ താൾ അടർന്ന് വന്നതാണെന്നാണ് ഞാനാദ്യം കരുതിയത്. വിടർത്തി നോക്കിയപ്പോൾ ആഹാ !! ഒരു സുന്ദരൻ പ്രണയ ലേഖനം(പ്രണയിക്കുന്നവർ തമ്മിലെഴുതുന്ന ലേഖനങ്ങളാണല്ലോ ഈ പ്രണയ ലേഖനങ്ങൾ). അതിലേക്ക് കടക്കുന്നതിനു മുൻപ് ഒരു നിമിഷം...
ഈ പുസ്തകം മുത്തശ്ശിയുടേതല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. 1970 എന്ന് പറയുമ്പോൾ 45 വർഷം മുൻപ്. അന്ന് മൂത്ത വലിയച്ഛൻ (എന്റെ അച്ഛന്റെ ഏറ്റവും മൂത്ത ജേഷ്ടൻ,മുത്തശ്ശിയുടെ കടിഞ്ഞൂൽ പുത്രൻ) വിവാഹിതനാണ്. കാരണം വലിയച്ഛന്റേയും വലിയമ്മയുടേയും 50 ാ൦ വിവാഹ വാർഷികം കഴിഞ്ഞ മാസമാണ് ആഘോഷപൂർവ്വം കൊണ്ടാടിയത്. എന്റെ അച്ഛന് മേൽപ്പറഞ്ഞ കാലയളവിൽ പതിനൊന്ന് വയസ്സ് (പ്രേമ ലേഖനമെഴുതാനുള്ള പ്രായമൊക്കെ ആയി,എന്നാലും സ്വന്തം അച്ഛൻ അല്ലെ സംശയത്തിന്റെ ആനുകൂല്യം അനുവദിക്കാം), ഇളയച്ഛന് 9 വയസ്സ്. ന്യായമായും ഇടയിലുള്ള വലിയച്ഛൻ തന്നെ കഥനായകാൻ!!!
എനിക്കാകെ ഉത്സാഹമായി ...ഹോ ദേഹത്താകമാനം കോരിത്തരിപ്പിന്‍റെ കുണ്ടും കുഴിയും. എന്‍റെ കൈയ്യിലിരുന്നു ആ അമൂല്യ വസ്തു ഒരില പോലെ വിറച്ചു. വായികട്ടെ? വായിക്കാമല്ലേ? വേണോ? കുഴപ്പമയാലോ ?
****ഹോ ഒന്ന് വായിക്കുന്നുണ്ടോ!!!!??*****
പ്രിയപ്പെട്ട കുട്ടി ,
ഇനി കത്തുകൾ ബാബുവിന്‍റെ* കൈവശം കൊടുത്തയ്ക്കണ്ട. അവനിപ്പോൾ വായിക്കാനോക്കെ അറിയാം. കുഞ്ഞല്ലേ, ഒരു കൌതുകത്തിന് പൊട്ടിച്ച് വായിച്ചാലോ? ആരോടെങ്കിലും പറഞ്ഞാലോ ? ഇനി എഴുതുമ്പോൾ കത്ത് ഗിരിജയുടെ കയ്യിൽ കൊടുത്താൽ മതി. ഞാൻ സോമനെ കാണാൻ പോകുമ്പോൾ വീട്ടിൽ നിന്നും വാങ്ങിച്ചോളാം .
കുട്ടിക്ക് സുഖമാണോ? അണ്ണന്മാർ പിന്നെയെന്തെങ്കിലും പറഞ്ഞോ? ഞാൻ വലിയമ്മാവന് എഴുതിയിട്ടുണ്ട്. ജൂനിയറാക്കാമെന്ന് പണ്ടേ ഉറപ്പ് തന്നിട്ടുണ്ടദ്ധേഹം. മറുപടി വന്നാലുടൻ നമ്മുടെ കാര്യം അമ്മയോട് പറയാം. അമ്മയക്ക് എതിർപ്പൊന്നും ഉണ്ടാവില്ല, എനികുറപ്പാണ്. ചേട്ടൻ എന്ത് പറയുമെന്ന് അറിഞ്ഞൂടാ; ചേട്ടത്തി വന്നതിൽ പിന്നെ ചേട്ടൻ പണ്ടത്തേത് പോലെ മിണ്ടാറോന്നും ഇല്ല. കുട്ടിയുടെ അണ്ണന്മാർ നമ്മളെ അടിച്ച് കൊല്ലുമായിരിക്കും. എന്നെ കൊന്നോട്ടെ. കുട്ടിയെ കൊല്ലണ്ട .
സ്കൂളിൽ എന്‍റെ ക്ലാസ്സിൽ പഠിച്ചിരുന്ന ജലജയെ ഓർമ്മയുണ്ടോ? അവളുടെ കല്യാണമാണ് വരുന്ന മൂന്നാം തിയതി. പിന്നെ ഇവിടുത്തെ ചാമ്പയിൽ ഇഷ്ടപോലെ ചാമ്പയ്ക്കാ കായ്ച്ച് കിടക്കുന്നുണ്ട്. ബാബുവിനെ കാണുമ്പൊൾ പറഞ്ഞാൽ മതി. അവൻ പറിച്ച് തരും .
മറ്റൊന്നുമില്ല തൽക്കാലം. നിർത്തുന്നു .
സസ്നേഹം ,
കെ .
ഹമ്പട "കെ"!!
എന്റെ ഊഹം തെറ്റിയില്ല. നടുവിലത്തെ വലിയച്ഛൻ തന്നെ ആൾ. പക്ഷെ ഈ കുട്ടി വലിയമ്മ അല്ല. വലിയമ്മക്ക് ഒരു സഹോദരി മാത്രമേ ഉള്ളു. അണ്ണന്മാരില്ല. മാത്രവുമല്ല ആലപുഴയിലുള്ള വലിയമ്മക്ക് കഴനാട്ട് നിന്ന് ചാമ്പയ്ക്കാ എത്തിക്കനോന്നും പറ്റില്ല.
ഏതായാലും കത്തിൽ പറയുന്നത് പോലെ കുട്ടിയുടെ അണ്ണന്മാർ അടിച്ചമർത്തിയ ഒരു പ്രണയത്തിന്‍റെ സ്മാരകമാവാം ഇരട്ടവാലന്മാർ പാതി കരണ്ട് തിന്ന ഈ കത്ത്. ഇതേ കുറിച്ചൊരു അന്വേഷണം തൽക്കാലം അസാധ്യമാണ് . മുത്തശ്ശിയോ അച്ഛനോ സഹകരിക്കാൻ ഒരു സാധ്യതയുമില്ല...ആയതിനാൽ ഈ കഥയിവിടെ ചുരുങ്ങുന്നു...
വാൽ കഷ്ണം :
"ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ" ഒടുവിൽ ഞാൻ വായിച്ച് തീർത്തു കേട്ടോ .കത്ത് പഴയ സ്ഥാനത്ത് തന്നെ തിരികെ വച്ചു. പത്തിരുപത് വർഷം കഴിഞ്ഞ് മൂല്യമേറിയ ഒരു പുരാവസ്തുവായി തീരുമ്പോൾ ആരെങ്കിലും അത് കണ്ടെടുത് പ്രശസ്തരാവട്ടെ .
പ്രിയപ്പെട്ട, കത്തിലെ കുട്ടി, കെ - അതുവരെ നിങ്ങൾ പ്രണയിക്കുക; കൂട്ടത്തിൽ ഇരട്ടവലന്മാരേയും സൂക്ഷിക്കുക.
**എന്റെ അച്ഛൻ
*തലക്കെട്ടിന് കടപ്പാട് :എന്‍റെ ഭർത്താവിനും,റഫീഖ് അഹമ്മദിനും .